Monday, April 1, 2013

ബ്രെശ്റ്റ് - രാത്രിയിലേക്കൊരു പായും തലയിണയും

12192


ന്യൂയോർക്കിൽ, ഞാനിങ്ങനെ കേട്ടിരിക്കുന്നു,
ഇരുപത്താറാം നമ്പർ തെരുവും ബ്രോഡ് വേയും ചേരുന്ന മൂലയ്ക്ക്
മഞ്ഞുകാലമാസങ്ങളിൽ എന്നും സന്ധ്യക്കൊരാൾ നിൽക്കുമത്രെ,
കിടക്കാനിടമില്ലാത്തവർക്കായി വഴിപോക്കരോടയാളിരക്കുമത്രെ.

അതുകൊണ്ടു പക്ഷേ, ലോകം മാറാൻ പോകുന്നില്ല.
മനുഷ്യബന്ധങ്ങൾ മെച്ചപ്പെടാൻ പോകുന്നില്ല.
ചൂഷണകാലത്തിന്റെ ദൈർഘ്യം അതുകൊണ്ടു കുറയുകയുമില്ല.
എന്നാൽക്കൂടി ചിലർക്കൊരു രാത്രിയിലേക്ക് പായും തലയിണയും കിട്ടും,
ഒരു രാത്രിയിലേക്ക് ശീതക്കാറ്റവരിൽ നിന്നു മാറിനിൽക്കും,
അവർക്കായി വച്ചിരുന്ന മഞ്ഞു വീഴുന്നത് റോഡിലേക്കായിരിക്കുകയും ചെയ്യും.

ഇത്രയും വായിച്ചിട്ടു പുസ്തകം മടക്കിവയ്ക്കരുതേ, മനുഷ്യാ.

ചിലർക്കൊരു രാത്രിയിലേക്ക് പായും തലയിണയും കിട്ടും,
ഒരു രാത്രിയിലേക്ക് ശീതക്കാറ്റവരിൽ നിന്നു മാറിനിൽക്കും,
അവർക്കായി വച്ചിരുന്ന മഞ്ഞു വീഴുന്നത് റോഡിലേക്കായിരിക്കുകയും ചെയ്യും.
പക്ഷേ അതു കൊണ്ടു ലോകം മാറാൻ പോകുന്നില്ല,
മനുഷ്യബന്ധങ്ങൾ മെച്ചപ്പെടാൻ പോകുന്നില്ല,
ചൂഷണകാലത്തിന്റെ ദൈർഘ്യം കുറയാനും പോകുന്നില്ല.


No comments: